Friday, March 30, 2007

തുടര്‍ച്ച...




നോബല്‍ സമ്മാന ജേതാവായ സി.വി. രാമന്‍ ഒരു വേളയില്‍ അല്പം മദ്യം കഴിക്കാന്‍ ക്ഷണിക്കപ്പെട്ടു. അന്നേരം രാമന്‍ അത് നിരസിച്ചു. എന്നിട്ട് പറഞ്ഞു,

“സര്‍, ‘ആല്‍‍ക്കഹോളിലെ രാമന്‍ പ്രഭാ‍വം’ നിങ്ങള്‍ക്കറിയാം. പക്ഷേ ‘രാമനിലെ ആല്‍ക്കഹോള്‍ പ്രഭാവം’ നിങ്ങള്‍ കാണാന്‍ ഇടവരരുത്!”

രാമനപ്പോഴത് സ്വീകരിച്ചിരുന്നെങ്കിലോ?

ആല്‍ക്ക‍ഹോള്‍ എന്നത് ഒരു കൂട്ടം ഓര്‍ഗാനിക് സംയുക്തങ്ങളുടെ പൊതുനാമമാണു. പലതരം ആല്‍ക്കഹോളുകളുണ്ട്. ഈഥൈല്‍ ആല്‍ക്കഹോള്‍, മീഥൈല്‍ ആല്‍ക്കഹോള്‍, പ്രൊപൈല്‍ ആല്‍ക്കഹോള്‍, ബെന്‍സൈല്‍ ആല്‍ക്കഹോള്‍ അങനെ പോകുന്നു അതിന്റെ നിര. ഇതില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ആണു നമ്മള്‍ കുടിയന്മാര്‍ നുണയുന്നത്. ‘മദ്യം’ എന്നാല്‍ ഏറിയോ കുറഞ്ഞോ ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയത് എന്നര്‍ത്ഥം. വല്ലപ്പോഴും ഇത് മീഥൈല്‍‍ ആല്‍ക്കഹോള്‍ ആയാലോ? അപ്പോഴാണു വ്യാജമദ്യം, മദ്യദുരന്തം എന്നൊക്കെ പത്രങ്ങള്‍ക്ക് അച്ചുനിരത്താന്‍ കഴിയൂന്നത്!

രാമനിലേക്ക് മടങ്ങി വരാം.

രാമനന്ന് മദ്യം കഴിച്ചിരുന്നുവെന്നു സങ്കല്‍പ്പിക്കുക. എങ്കില്‍ അന്ന് സംഭവിക്കുമായിരുന്ന ‘ആല്‍ക്കഹോള്‍ ഇഫക്റ്റ് ഓണ്‍ രാമന്‍’ ഇങ്ങനെയായിരിക്കാം.

രാമന്റെ ആമാശയത്തില്‍ ഗുളുഗുളാന്നു വീഴുന്ന മദ്യം ചെറുകുടലിലേക്ക് പെട്ടെന്ന് പ്രവേശിക്കുന്നു. പിന്നെയോ, അവിടെ നിന്ന് അത് രക്തത്തിലേക്ക് വളരെപ്പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു, നാഡീവ്യവസ്ഥകളിലെത്തുന്നു. നാഡിക്കളില്‍ നിന്ന് സംപ്രേഷണം ചെയ്യപ്പെടുന്ന സിഗ്നലുകളെ അത് അടുത്ത പടിയായി മന്ദീഭവിപ്പിക്കുന്നു.

രക്തത്തില്‍ കൂടുതല്‍ ആല്‍ക്ക‍ഹോള്‍ കലരുന്നതോടു കൂടി രാമന്റെ പ്രതികരണശേഷി പതുക്കെ മന്ദീഭവിക്കുകയും സംസാരത്തിനും ചലനങ്ങള്‍ക്കും മന്ദഗതി കൈ വരികയും ചെയ്യുന്നു. കൂടിയ അളവില്‍ അന്ന് രാമന്‍ മദ്യപിക്കുകയായിരുന്നെങ്കില്‍- രാമന്റെ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 0.35 മില്ലി ലിറ്ററില്‍ കൂടുതല്‍ ആല്‍ക്കഹോള്‍‍ എത്തുകയായിരുന്നെങ്കില്‍- രാമന്‍ അന്ന് മരിച്ചു പോകുമായിരുന്നു. ഭാഗ്യവശാല്‍ അന്ന് അത് സംഭവിച്ചില്ല!

ആല്‍ക്കഹോള്‍ വളരെപ്പെട്ടെന്നാ‍ണു രക്തത്തില്‍ കലരുന്നത്. ശരീരമാസകലം ഒരു സമതുലിതാവസ്ഥയില്‍ അതെത്താന്‍ ഏറെ സമയമൊന്നും വേണ്ട. ഇതിനെ ശരീര‍ത്തില്‍‍ നിന്ന് മാറ്റാനോ? ഇപ്പണി 95 % വും ചെയ്യുന്നത് നമ്മുടെ കിഡ്നിയാണു. അതു കൊണ്ട് ബുദ്ധിയുള്ള വല്ലവരെയും ചൂണ്ടി ‘അവനു കിഡ് നിയുണ്ട് കേട്ടോ!’ എന്നു ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയിക്കേണ്ട. ഇന്നലെക്കുടിച്ചൊരു കള്ളിന്റെ കിക്കവനില്‍ നിന്നിറക്കിയത് അവന്റെ കിഡ് നിയാവാം! അപ്പോള്‍ ബാക്കി 5 % മോ? അത് വിയര്‍ത്തും ശ്വസിച്ചും മൂത്രമൊഴിച്ചും മറ്റു ശരീര ദ്രവങ്ങളായും പുറത്തു പോകുന്നു. ഈ പുറത്തു പോവലിന്റെയും ‘അകത്തു ചെല്ലലിന്റെ’യും സമതുലിതാവസ്ഥയിലാണു ഒരു നല്ല മദ്യപാനിയുടെ കാവ്യമനസ്സിരിക്കുന്നത്. അതയാളുടെ ശരീരപ്രക്രിതിയെയും ആശ്രയിച്ചിരിക്കും എന്നു കൂടി ഓര്‍ക്കണം.

ഉദാഹരണത്തിനു തടിച്ച ഒരാളെയെടുക്കാം. അയാളുടെ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് അതേ പ്രായത്തിലും ആരോഗ്യത്തിലുമുള്ള മെലിഞ്ഞ ഒരാളെക്കാളും കൂടുതലായിരിക്കും. ആല്‍ക്കഹോളിനു ജലാംശത്തിനോടിത്തിരി പ്രതിപത്തി കൂടുതലാണെന്നോര്‍ക്കണം. തടിച്ചയാളിന്റെ ശരീരത്തിലെ ആകെ ജലാംശം മെലിഞ്ഞയാളിനേക്കാള്‍ സ്വാഭാവികമായും കൂടുതലായതിനാല്‍ തടിച്ചവനും മെലിഞ്ഞവനും ഒരേയളവില്‍ മദ്യപിച്ചാല്‍ ആല്‍ക്കഹോളിന്റെ സാന്ദ്രത തടിച്ചവനില്‍ കുറയുകയും മെലിഞ്ഞവനില്‍ കൂടുകയും ചെയ്യും. അതിനാല്‍ പെട്ടെന്നു ‘പാമ്പാ’കുന്നവര്‍ മെലിഞ്ഞവരാവാനാണു സ്വാഭാവികമായ സാധ്യത! (എങ്കിലും തടിച്ചവരെ തോല്‍പ്പിക്കാന്‍ ഒരു കുറുക്കു വഴിയുണ്ട് കേട്ടോ. ഒരു പെഗ് മദ്യത്തിനു 20 മിനുട്ടെങ്കിലും ചെലവഴിക്കുക. അങ്ങനെ ശരീരത്തിന്റെ സ്വാഭാവികമായ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര സമയം അനുവദിച്ച് ‘മെല്ലെത്തിന്ന്‍ ' രണ്ടു മണിക്കൂറു കൊണ്ട് 6 പെഗ്ഗ് വീശി വേണമെങ്കില്‍ പച്ചാളത്തിനും ‍കുറുമാനെ കടത്തി വെട്ടാം!)

സ്ഥിരമായി മദ്യപിക്കുവന്നരില്‍ ആല്‍ക്കഹോളിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലാവാന്‍ സാധ്യതയുണ്ട്. നാട്ടിലെ വാര്‍പ്പു പണിക്ക് സിമന്റ് ചട്ടി കൈമാറുന്നത് പോലെ ‘ഇന്നാ പിടിച്ചോ അടുത്ത പെഗ് ’ എന്ന മട്ടില്‍ പ്രശ്നമേതുമില്ലാതെ പൂശാന്‍ സ്ഥിര മദ്യപന്മാര്‍ക്ക് കഴിയുന്നത് ഈ പ്രവര്‍ത്തന വേഗത കൊണ്ടാണ്. ഇത് പക്ഷേ നമ്മുടെ ‘ബുദ്ധികേന്ദ്രമായ’ കിഡ് നിക്ക് കൂടുതല്‍ പണി നല്‍കുന്നുണ്ടെന്നതും മറക്കരുത്!

സാധാരണ ലഭ്യമായ മദ്യങ്ങളിലെ ആല്‍ക്കഹോള്‍ അളവ് ഇനി താഴെ കുറിച്ചു കൊണ്ടിതവസാനിപ്പിക്കട്ടെ. ഈ ‘തുടര്‍ച്ച’യുടെ ബാക്കി വൈകാതെ തന്നെയെഴുതാം. ഇപ്പോള്‍ ഞാനെന്റെ പ്രിയങ്കരമായ ‘റെഡ് ലേബല്‍ വിസ്കി’യിലേക്ക് ഈ രാത്രിയില്‍ തിരിച്ച് പോകുന്നു... കൂടെ ഗുലാം അലിയുമുണ്ട്, ‘ചുപ് കെ ചുപ് കെ രാത് ദിന്‍ ആന്‍സൂ ബഹാനാ യാദ് ഹേം...

ബിയര്‍ - 3.2 - 4 %
ടേബിള്‍ വൈന്‍ - 7.1 - 14 %
ബ്രാണ്ടി - 40 - 43 %
വിസ്കി - 40 - 75 %
വോഡ്ക - 40 - 50 %
ജിന്‍ - 40 - 48.5 %
റം - 40 - 95 %
ടെക്വില - 45 - 50.5 %

Wednesday, March 28, 2007

തുടക്കം...



മദ്യാക്ഷരി ഒരു പുതിയ ബ്ലോഗാണു.

നമ്മുടെ സ്വപ്നങ്ങളും ചിന്തകളും മലിനമാകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ എങ്ങനെ ഒരു നല്ല മദ്യബോധമുണ്ടാക്കാം എന്ന പരീക്ഷണങ്ങളാണ് ഈ ബ്ലോഗില്‍ എഴുതാന്‍ പോകുന്നത്. കാല്പനികതയും കവിതയും ഗസലും നിലാവും പ്രണയും നിറഞ്ഞ നല്ല ചില മദ്യാനുഭവങ്ങളും പങ്കു വെക്കണമെന്നു കരുതുന്നു. ‘മദ്യാക്ഷരി’യുടേത് മാത്രമല്ല, വായനക്കാരുടെയും.

ആദ്യ പടിയായി മദ്യങ്ങളെ പരിചപ്പെടാം. ഉപയോഗിക്കുന്ന വിധവും പരീക്ഷണങ്ങളും ചേര്‍ത്തു കൊണ്ട്. വൈന്‍ തൊട്ട് വോഡ്ക വരെയും മിശ്രജാതികളെയും ലിസ്റ്റ് ചെയ്യുന്ന ഒരു പട്ടിക നമുക്ക് തയ്യാറാക്കാം. പിന്നെ ഓരോന്നിന്റെയും ഉപയോഗക്രമവും അനുഭവങ്ങളും. വായനക്കാര്‍ സഹകരിക്കണം. നിര്‍ദ്ദേശങ്ങളും നല്‍കുമല്ലോ.